Description
ഗ്രപുരം ഗവ യുപി സ്‌കൂളിലെ കണക്ക് മാഷായ ശശിധരൻ മാസ്റ്ററിനു ഗൾഫ് യുദ്ധവുമായി എന്ത് ബന്ധമെന്നാവും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. ഉഗ്രപുരത്തങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കു മാറി, കടകൾക്ക് പിന്നിലായി, വയലിന് കുറുകെയുള്ള മൺ റോഡിലൂടെ നടന്നു ചെന്നാൽ കാണുന്ന പുത്തൻ വീട് അതും ഭിത്തി തേയ്ക്കാത്ത ടൈപ്പ് ചുവന്ന കോൺക്രീറ്റ് വീട് ശശിധരൻ മാസ്റ്റർക്ക് നഷ്ടമായത് ഗൾഫ് യുദ്ധം എന്നൊരു ഒറ്റ കാരണം കൊണ്ട് മാത്രമാണ്.
അപ്പോൾ നിങ്ങൾ ചോദിക്കും, നിങ്ങളുടെ അറിവിലും പരിചയത്തിലും ശശിധരൻ മാസ്റ്റർക്കോ, ഭാര്യ ശാന്തകുമാരി ടീച്ചർക്കൊ, എന്തിനേറെ പറയുന്നു മാസ്റ്ററുടെയും ടീച്ചറുടെയും ബന്ധുക്കളായി ആ നാട്ടിൽ ഉള്ള അളിയൻ പോസ്‌റ്റ് മാസ്റ്റർ ശശാങ്കനോ, ടീച്ചറുടെ ആങ്ങള ഹൈസ്‌കൂൾ ക്ലർക്ക് ശാന്തകുമാറിനോ, ഗൾഫുമായി യാതൊരു ബന്ധവും ഉള്ളതായി നാട്ടറിവ് ശേഖരത്തിൽ ഇല്ല.
പേര് ഉഗ്രപുരം എന്നാണെങ്കിലും ആളുകൾ എല്ലാം സാധുക്കളും നല്ലമനസ്സിനുടമകളും ആയിട്ടുള്ള ഒരു നാട്ടിൻപുറമാണ് ഉഗ്രപുരം.
ഒരു ഗവണ്മെന്റ് യൂപി സ്‌കൂൾ (ഒന്ന് മുതൽ ഏഴു വരെയുള്ളത്), ഒരു മാനേജ്‌മെന്റ് എയിഡഡ് ഹൈസ്‌കൂൾ, ഒരു പോസ്റ്റോഫീസ്, വില്ലേജോഫീസ്, സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖ, ഒരു എസ് എൻ ഡി പി വക ഗുരുമന്ദിരം, ഉഗ്രപുരം അങ്ങാടിയിൽ മഞ്ഞ പെയിന്റടിച്ച പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മോസ്‌ക് ഇത്രേം ചേർന്നാൽ ഉഗ്രപുരം ഗ്രാമം ആയി.
https://kadhafactory.com/2019/05/05/ഗൾഫ്-വാർ/